‘കിറ്റ് വിജയന്‍’ എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ‘കിറ്റ് വിജയന്‍’ എന്ന പരിഹാസത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി കാലത്ത് ജനങ്ങള്‍ പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ഭക്ഷണവിതരണ പദ്ധതികള്‍ നടപ്പാക്കിയതില്‍ പരിഹാസം കണ്ടെത്തുന്നവരുടെ സാമൂഹ്യബോധം എത്രമാത്രം അധഃപതിച്ചതായിരിക്കണമെന്നും വിശപ്പിന്റെ വിലയറിയുന്നവരുടെ പ്രസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. ആ സര്‍ക്കാരിന് മനുഷ്യര്‍ പട്ടിണി കിടക്കുന്നത് കൈകെട്ടി നോക്കി നില്‍ക്കാനാകില്ല. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്തവരുടെ ഏറ്റവും പ്രധാന ഉത്തരവാദിത്തമാണത്. അതിനിയും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകും. പരിഹാസം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

”അതൊന്നും വ്യക്തിപരമായി ബാധിക്കുന്നതല്ല. ജനങ്ങള്‍ക്ക് വാങ്ങാനും സര്‍ക്കാരിന് കൊടുക്കാനും അമിത താല്‍പ്പര്യമുണ്ടായിട്ടല്ല ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം ചെയ്യുന്നത്. ഖജനാവ് നിറഞ്ഞു കവിഞ്ഞതുകൊണ്ടുമല്ല. ഈ മഹാമാരിക്കാലത്ത് എല്ലാവരുടെയും ജീവിതം മുന്നോട്ടുപോകണം. അത് ഉറപ്പാക്കാനുള്ള ഒരു വഴി ഇതാണെന്നു കണ്ടു. കിറ്റ് സൗജന്യമാണ് എന്നല്ല, ജനങ്ങളുടെ അവകാശമാണെന്ന് ഞങ്ങള്‍ കാണുന്നു. ആ അവകാശം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. ആരെങ്കിലും പരിഹസിച്ചതുകൊണ്ടോ അധിക്ഷേപിച്ചതുകൊണ്ടോ ആ കര്‍ത്തവ്യനിര്‍വഹണത്തില്‍നിന്ന് പിന്മാറാനാകില്ലല്ലോ.” മുഖ്യമന്ത്രി പറഞ്ഞു.

Top