പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പിഎസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുന്‍പായി പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡെപ്യൂട്ടേഷനും ദീര്‍ഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകള്‍ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് തടയല്‍ കേന്ദ്രനിയമത്തിന്റെ ഭാഗമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യം തടയാന്‍ നിയമ നിര്‍മ്മാണം നടത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന പൊലീസ് സേനയില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ തുടങ്ങുമെന്നും സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് പദ്ധതി 197 സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെകെ രമയ്ക്കും എതിരെ ഭീഷണിക്കത്ത് വന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് കാലത്ത് തടവുകാര്‍ക്ക് പരോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലും മുഖ്യമന്ത്രി ഇന്ന് സഭയില്‍ മറുപടി നല്‍കി. തടവുകാര്‍ക്കും ജനാധിപത്യ അവകാശമുണ്ടെന്നും അര്‍ഹതയില്ലാത്ത ആര്‍ക്കെങ്കിലും പരോള്‍ കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top