ദുരിതാശ്വാസ നിധി വിവാദം; ജലീലിന്റെ മറുപടിയിൽ വെട്ടിലായി പ്രതിപക്ഷം, സോഷ്യൽ മീഡിയകളിലും തരംഗം !

പ്രതിപക്ഷത്തിന്റെയും അവരുടെ ഏറാൻമൂളികളായ വലതുപക്ഷ മാധ്യങ്ങളുടെയും മുഖമടിച്ചുള്ള ഒരു മറുപടിയാണ് മുൻ മന്ത്രി കെ.ടി ജലീൽ ഇപ്പോൾ നൽകിയിരിക്കുന്നത് അതെന്തായാലും പറയാതെ വയ്യ. ഇത്തരമൊരു പ്രതികരണം അവരാരും തന്നെ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകുകയുമില്ല. ദുരിതാശ്വാസനിധി വകമാറ്റിയെന്ന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയിൽ നിന്നും വിധിയുണ്ടാകുമെന്നും മുഖ്യമന്ത്രി രാജിവയ്ക്കേണ്ടി വരുമെന്നുമുള്ള പ്രതീക്ഷ തകർന്നതോടെയാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സർക്കാറിനെയും സി.പി.എമ്മിനെയും ടാർഗറ്റ് ചെയ്ത് കടന്നാക്രമിച്ചിരുന്നത്. ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി നല്‍കിയ ആര്‍.എസ്. ശശികുമാറും ചാനൽ ചർച്ചകളിൽ പ്രതിപക്ഷത്തിന് ആവേശം പകർന്ന് രംഗത്തിറങ്ങിയിരുന്നു. ഈ അവസരവാദ നിലപാടിനെയാണ് കെ ടി ജലീൽ ഇപ്പോൾ പൊളിച്ചടുക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമേ ധനസഹായം കൊടുത്തിട്ടുള്ളൂ എന്ന് വ്യക്തമാക്കിയ ജലീൽ പാര്‍ട്ടി നോക്കിയല്ല ഇതില്‍ നിന്ന് പണം അനുവദിക്കുന്നതെന്നത് ഉദാഹരണങ്ങൾ സഹിതമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ കളത്തില്‍ അബ്ദുല്ലയ്ക്ക് ചികിത്സക്കായി 20 ലക്ഷം നൽകിയ കാര്യവും സുനാമി ഫണ്ടില്‍ നിന്നും പുഴ പോലുമില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് വാരിക്കോരി കൊടുത്തതുമെല്ലാം ജലീൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിൽ മാസ് മറുപടിയായത് മുസ്ലീംലീഗിന്റെ വീരശൂര പരാക്രമിയായ എം.കെ.മുനീറിനെ പൊളിച്ചടുക്കിയതാണ്.

മുനീറിന്റെ പഠനത്തിനും പോക്കറ്റ് മണിയായും, പൊതുഖജനാവില്‍ നിന്നാണ് പണം എടുത്ത് കൊടുത്തതെന്ന് ജലീൽ തുറന്നടിച്ചത്. യു.ഡി.എഫ് നേതൃത്വത്തിന് അപ്രതീക്ഷിത പ്രഹരമായാണ് മാറിയിരിക്കുന്നത്. പ്രതിപക്ഷം ചോദിച്ചു വാങ്ങിയ തിരിച്ചടി തന്നെയാണിത്. അന്നൊന്നുമില്ലാത്ത ‘ചൊറിച്ചില്‍’ രാമചന്ദ്രന്‍ നായരുടെയും ഉഴവൂര്‍ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതങ്ങ് സഹിച്ചേര് എന്നതാണ് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമുള്ള ജലീന്റെ മറുപടി. ഇതിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തന്നെയാണ് വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്നും അര്‍ഹതപ്പെട്ടവര്‍ക്കു പണം നൽകുന്നത് രാഷ്ട്രീയം നോക്കിയല്ലന്ന ജലീലിന്റെ നിലപാടിനു തന്നെയാണ് സ്വീകാര്യതയും വർദ്ധിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ദുരിതാശ്വാസ ഫണ്ട് മുൻപ് ഉമ്മൻചാണ്ടി സർക്കാർ ദുരുപയോഗം ചെയ്ത കാര്യവും രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയായി മാറിയിട്ടുണ്ട്. “കടലോരത്ത് സുനാമി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട്, ഒരു ‘പുഴ’ പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകള്‍ക്കായി വാരിക്കോരി നല്‍കിയപ്പോള്‍ ഈ ഹര്‍ജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു എന്ന ജലീലിന്റെ ചോദ്യമാണ് അടച്ചുവച്ച പഴയ കണക്കുകൾ പുറത്താവാൻ കാരണമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലാക്കാക്കിയാണ് അന്ന് പുതുപ്പള്ളിക്കാര്‍ക്ക് യഥേഷ്ടം പണം കൊടുത്ത തെന്നാണ് ജലീൽ ആരോപിച്ചിരിക്കുന്നത്. ഈ പണം അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടില്‍ നിന്നെടുത്തിട്ടല്ല ജനങ്ങളില്‍ നിന്ന് ശേഖരിച്ച സുനാമി ഫണ്ടില്‍ നിന്നെടുത്താണ് നൽകിയതെന്നാണ് ജലീൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എം.കെ മുനീറിന്റെ പഠനത്തിന് പണം നൽകാനുണ്ടായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ മരണത്തെ തുടര്‍ന്ന് മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന എം.കെ മുനീറിനെ ബാഗ്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് തുടര്‍ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടുവന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നല്‍കിയതും സി.എച്ചിന്റെ ഭാര്യക്ക് പെന്‍ഷന്‍ നല്‍കിയതുമെല്ലാം അന്നത്തെ യു.ഡി.എഫ് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നെടുത്തിട്ടല്ലന്നതാണ് ജലീലിന്റെ വാദം. ഏത് സര്‍ക്കാരിന്റെ കാലത്താണെങ്കിലും ഇതെല്ലാം പൊതുഖജനാവില്‍ നിന്നാണ് അനുവദിച്ചിരിക്കുന്നത്.

ഇതെപ്പാം മറച്ച് വച്ച് രാമചന്ദ്രന്‍ നായരുടെയും ഉഴവൂര്‍ വിജയന്റെയും കുടുംബത്തെ സഹായിച്ചത് മാത്രം വിവാദമാക്കുന്നതിനു പിന്നിൽ നെറികെട്ട രാഷ്ട്രീയ താൽപ്പര്യമാണെന്നാണ് ജലീൽ പറയുന്നത്. കെ.ടി ജലീൽ എം.എൽ.എയുടെ ഈ മറുപടിയോടെ മാളത്തിൽ ഒളിക്കേണ്ട അവസ്ഥയാണ് യു.ഡി.എഫ് സൈബർ പോരാളികൾക്ക് ഉണ്ടായിരിക്കുന്നത്. ലോകായുക്തയിലൂടെ സർക്കാറിനെ പൊരിക്കാൻ ഇറങ്ങിയ മാധ്യമങ്ങളും ജലീലിന്റെ പ്രതികരണത്തോടെ ആകെ നാണംകെട്ട അവസ്ഥയിലാണ് നിലവിലുള്ളത്. യു.ഡി.എഫ് സർക്കാറിനോട് ഒരു സമീപനം…ഇടതു സർക്കാറിനോട് മറ്റൊരു സമീപനമെന്ന മാധ്യമങ്ങളുടെ ഇരട്ടതാപ്പ് നയം ഒരിക്കൽ കൂടി പൊതു സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്…. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്….

EXPRESS KERALA VIEW

Top