മലയാള സിനിമയുടെ അഭിമാനമാണ് ഇന്ദ്രന്‍സ്; മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിമാനമാണ് ഇന്ദ്രന്‍സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തിരഞ്ഞെടുത്തതില്‍ താരത്തിനെ മുഖ്യമന്ത്രി പ്രശംസിച്ചു. ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലോക സിനിമയില്‍ മലയാളം നേട്ടങ്ങള്‍ കൊയ്യുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം കൂടിയാണിത്. നേരത്തെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു വെയില്‍ മരങ്ങള്‍.

ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

Top