പ്രവാസി നിക്ഷേപം നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്നത് അപരാധമല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന വലിയൊരു മലയാളി കുടുംബം പോലെ എല്ലാവരേയും ഒരുമിപ്പിക്കുകയാണ് ലോക കേരള സഭയുടെ ലക്ഷ്യവും കരുതലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന രണ്ടാം ലോക കേരള സഭയുടെ പ്രതിനിധി സഭയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിനൊപ്പം അവരുടെ ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്നും പുതിയ സംരംഭങ്ങള്‍ക്ക് പണവും ഇളവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടെന്ന നിലയില്‍ കേരളത്തിനും അത് പോലെ പ്രവാസികള്‍ക്കും ഈടുറ്റ പ്ലാറ്റ് ഫോമാണ് ലോക കേരള സഭയിലൂടെ സാധ്യമായത്.സാങ്കല്‍പികം എന്നതില്‍ ഉപരി ലോക കേരള സഭയെ അതിന്റെ പ്രായോഗിക തലത്തിലേക്ക് രൂപപ്പെടുത്തിയെടുക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു സര്‍ക്കാര്‍ ഇടപെടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസിപ്പണം ചിന്നിച്ചിതറി പോവാതെ നാടിന് വികസനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സംസ്ഥാനത്താകെ പ്രവര്‍ത്തനപരിധിയുള്ള പ്രവാസി സഹകരണ സംഘങ്ങള്‍ പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി നിര്‍മ്മാണ കമ്പനി, പ്രവാസി വനിതാ സെല്‍, നൈപുണ്യ വികസന പദ്ധതികള്‍, വിദേശ ഭാഷ പഠിപ്പിക്കല്‍ എന്നിവയെല്ലാം അതില്‍പെടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോക കേരള സഭ സംസ്ഥാനത്ത് ഉണ്ടാക്കിയത് വന്‍ മുന്നേറ്റമാണ്. പ്രവാസി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആദ്യം ചെയ്യേണ്ടത് കുടിയേറ്റം സംബന്ധിച്ച സ്ഥിതിവിവര കണക്ക് ഉണ്ടാക്കുകയാണ്.

ഗള്‍ഫ് കുടിയേറ്റത്തില്‍ കുറവ് ഉണ്ടാകുന്നുണ്ട്. സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായതെങ്കിലും പ്രവാസി നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് സംസ്ഥാനത്തുള്ളത്. വിശ്വസിക്കാന്‍ കഴിയുന്ന നിക്ഷേപ കേന്ദ്രമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.

പ്രവാസി നിക്ഷേപം നാടിന്റെ വികസനത്തിനുപയോഗിക്കുന്നത് അപരാധമല്ല മുഖ്യമന്ത്രി

Top