സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് ശരിയായില്ല; പിജെ ജോസഫിനെതിരെ മുഖ്യമന്ത്രി

ഇടുക്കി: സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതിന് പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൊടുപുഴയില്‍ രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ അധ്യക്ഷനാക്കിയില്ലെന്ന് കാണിച്ച് വിട്ടുനിന്നത് മാന്യതയായില്ലെന്ന് പിണറായി പറഞ്ഞു.

തൊടുപുഴയില്‍ പുതുതായി നിര്‍മിച്ച വിജിലന്‍സ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലിയാണ് വിവാദം. പരിപാടിയിലേക്ക് അധ്യക്ഷനായി തെരഞ്ഞെടുത്തത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെ. ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചു. ചടങ്ങിലേക്ക് വൈദ്യുതി മന്ത്രി എം എം മണിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങിന് എത്താനാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഇതോടെ പ്രോട്ടോകാള്‍ പ്രകാരം മന്ത്രി എം എം മണിയെ അധ്യക്ഷനാക്കി. ഇതില്‍ പ്രതിഷേധിച്ച് സ്ഥലം എംഎല്‍എ പി ജെ ജോസഫ് ചടങ്ങില്‍ പങ്കെടുത്തില്ലെന്നും ഇത് ശരിയായില്ലെന്നും മുഖ്യമന്ത്രി തൊടുപുഴയിലെ എല്‍ഡിഎഫ് റാലിയില്‍ പറഞ്ഞു.

അതേസമയം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നെന്നും മറിച്ചുള്ള വാദങ്ങള്‍ ശരിയല്ലെന്നും കേരള കോണ്‍ഗ്രസ് എം പ്രതികരിച്ചിട്ടുണ്ട്. മറ്റ് തിരക്കുകളുള്ളതിനാല്‍ വിജിലന്‍സ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പി ജെ ജോസഫ് സംഘാടകരെ അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി പ്രസ്താവന നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് അറിയില്ലെന്നും കേരള കോണ്‍ഗ്രസ് എം പറഞ്ഞു. പിജെ ജോസഫിന്റെ മണ്ഡലത്തില്‍ വന്ന് എംഎല്‍എയെ അപമാനിക്കുന്ന വിധത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചതിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി.

Top