അട്ടപ്പാടി വനമേഖലയിലെ മാവോയിസ്റ്റ് വേട്ട; വെടിയുതിര്‍ത്തത് സ്വയരക്ഷയ്‌ക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടിനു നേരെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. സ്വയരക്ഷക്കു വേണ്ടിയാണ് തിരിച്ചു വെടിയുതിര്‍ത്തത്.

എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വനമേഖലയിലേക്ക് പോയപ്പോള്‍ വീണ്ടും മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. കോടതി നിര്‍ദ്ദേശം സ്വീകരിച്ച്, ഇത്തരം സംഭവങ്ങളില്‍ അനുശാസിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് ദുഖകരമാണ്. എന്നാല്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തടയേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാവോയിസ്റ്റുകള്‍ ദുര്‍ബലപ്പെടുത്തുന്നു. പോലീസ് നടപടിയില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കി.

മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്നാണു പ്രതിപക്ഷ നിലപാട്. പ്രതിപക്ഷത്തുനിന്നും എന്‍. ഷംസുദ്ദീനാണു അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. വാളയാര്‍ പീഡനം, താനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം തുടങ്ങിയ വിഷയങ്ങളിലുണ്ടായ ബഹളത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സഭാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Top