മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് ഗവര്‍ണര്‍ക്ക് പരാതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ക്ക് പരാതി. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് മഞ്ചേരി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഷാന്‍ കൊടുവണ്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

ഈ മാസം എട്ടിന് കൊവിഡ് ബാധിതനായ മുഖ്യമന്ത്രി ഏഴാം ദിവസം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആയത് പ്രോട്ടോക്കോള്‍ ലംഘനം ആണെന്നാണ് ആരോപണം. പ്രോട്ടോക്കോള്‍ പ്രകാരം പത്താം ദിവസമാണ് പരിശോധന നടത്തേണ്ടിയിരുന്നതെന്നും പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.

 

Top