എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനപിന്തുണയാണ് ഈ തെരഞ്ഞെടുപ്പ് ഫലം: മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപിയെയും അവരുടെ വര്‍ഗ്ഗീയ അജണ്ടയെയും കേരളത്തിലെ ജനം തള്ളിക്കളഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തു നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും എല്‍ഡിഎഫ് വിജയിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 91 എംഎല്‍എമാരായിരുന്നത് 93 ആയെന്നും 2016ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ എല്‍ഡിഎഫിന്റെ ജനകീയാടിത്തറയും ജനപിന്തുണയും വര്‍ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സമൂഹത്തിന്റെ മതനിരപേക്ഷയുടെ കരുത്താണ് തിരഞ്ഞെടുപ്പ് കാണിക്കുന്നതെന്നും ആരെങ്കിലും വരച്ച വരയില്‍ നില്‍ക്കാന്‍ സമൂഹം തയ്യാറല്ലെന്നുമാണ്ഫലം കാണിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍ക്കാവില്‍കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. അവിടെയാണ് നല്ല ഭൂരിപക്ഷം നേടി വി കെ പ്രശാന്ത് ജയിച്ചുകയറിയത്. തിരുവനന്തപുരത്ത് നേരത്തെ എല്‍ഡിഎഫിന് വേണ്ടി ഇറങ്ങിയവരല്ല പ്രശാന്തിന് വേണ്ടി പ്രവര്‍ത്തിച്ചത് പകരം യുവതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരുടെയും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങള്‍.അവര്‍ക്ക് സ്വന്തമായ അഭിപ്രായമുണ്ട്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നരവര്‍ഷം ആവുകയാണ്. സര്‍ക്കാരിന്റെ നവകേരള നിര്‍മ്മിതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും കരുത്തും നല്‍കുന്നതാണ് ജനവിധി. യഥാര്‍ഥത്തില്‍ നമ്മുടെ സംസ്ഥാനത്ത് യുഡിഎഫ് അപ്രസക്തമാകുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top