സില്‍വര്‍ ലൈന്‍: പദ്ധതി കാരണം ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ പരിഹരിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തില്ലങ്കേരിയില്‍ രക്തസാക്ഷി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

”പദ്ധതി കാരണം ആരും വഴിയാധാരമാകില്ലെന്ന് ഉറപ്പുനല്‍കുന്നു. എന്തെങ്കിലും പാരിസ്ഥിതിക പ്രശ്നം ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. പിന്നെന്തിനാണ് ഗോ ഗോ വിളികള്‍. വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. കേരളത്തില്‍ ഒന്നും നടക്കരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. മറ്റ് നാടുകളിലെ വികസനം കണ്ട് അന്ധാളിച്ച് നില്‍ക്കേണ്ടവരല്ല മലയാളികള്‍. നല്ല നാളെയിലേക്കാണ് കേരളം നടന്ന് നീങ്ങുന്നത്.” ചിലര്‍ എതിര്‍ക്കുന്നു എന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top