പ്രതിസന്ധിഘട്ടങ്ങളില്‍ പകച്ചുനിന്നില്ല; രാജ്യത്തിനും ലോകത്തിനും കേരളം മാതൃക

തിരുവനന്തപുരം: പ്രകൃതിക്ഷോഭവും മഹാമാരികളും വന്നിട്ടും വികസന രംഗത്ത് കേരളം തകര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ഭൂരിഭാഗവും സര്‍ക്കാരിന് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2017 നവംബര്‍ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം, നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം സഹിക്കേണ്ടിവന്നത്.2018 ല്‍ വന്ന പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന നിലക്ക് എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിക്കുന്നതായിരുന്നു. നമ്മുടെ വികസന പ്രക്രിയകള്‍ക്കും കുതിച്ച് ചാട്ടത്തിനും സ്വാഭാവിമായും അത് വിഘാതം സൃഷ്ടിച്ചു. വികസന ലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടിവന്നു. എന്നാല്‍ ഒരു ഘട്ടത്തിലും സംസ്ഥാനം പകച്ചു നിന്നില്ല, ലക്ഷ്യങ്ങളില്‍നിന്ന് സര്‍ക്കാര്‍ തെന്നി മാറിയില്ല. ആ ഘട്ടത്തില്‍ ലോകത്താകെയുള്ള കേരളീയ സമൂഹം ഒറ്റക്കെട്ടായി സഹായ ഹസ്തവുമായി മുന്നോട്ട് വന്നുവെന്നും ജനങ്ങളുടെ ഒരുമയും സാഹോദര്യവും അതിജീവനത്തിന്റെ ശക്തി സ്രോതസ്സായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം വിവിധ മേഖലകളില്‍ ആര്‍ജിച്ച പുരോഗതിയാണ് കോവിഡ് പ്രതിരോധത്തില്‍ നമുക്ക് തുണയായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷമില്ലെന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ലക്ഷ്യമാക്കി മാറ്റാന്‍ സാധിച്ചു. ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനും ലോകത്തിനും മാതൃകയാകാന്‍ കേരളത്തിനായി. സുതാര്യമായ ഭരണനിര്‍വഹണമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധിക്കാന്‍ സഹായകമായത് ആര്‍ദ്രം മിഷന്‍ പദ്ധതിയാണ്. നിപ്പയ്ക്കുശേഷം ഇത്തരം വെല്ലുവിളി നേരിടാന്‍ വൈറോളജി ലാബ് സജ്ജീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഫ്ബിയാണ് അതിജീവനത്തിന്റെ തനതുവഴി.കിഫ്ബി വഴി വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവകേരള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലര്‍ക്ക് തിരഞ്ഞെടുപ്പ് രംഗത്ത് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് വോട്ട് നോടാനുള്ള ഒരു അഭ്യാസം മാത്രമാണ്. അതിന്റെ ഭാഗമായാണ് ചിലര്‍ക്ക് വാഗ്ദാനങ്ങള്‍ പാലിക്കാനുളളതല്ല എന്ന് തുറന്നു പറയേണ്ട അവസ്ഥയുണ്ടാക്കിയത്. എന്നാല്‍ എല്‍.ഡി.എഫ് തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കുള്ളതാണ്. അതു കൊണ്ടാണ് എല്ലാ വര്‍ഷവും ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് ജനജങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്. സര്‍ക്കാരിന്റെ നാലാം വര്‍ഷത്തേയും പ്രോഗ്രസ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top