ലൈഫ് മിഷന്‍ പദ്ധതി: സര്‍ക്കാരിന് നോക്കിനില്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി

വനരഹിതര്‍ക്ക് വിട് നല്‍കുന്ന പദ്ധതി നിയമ വ്യവസ്ഥയെ നേരിടുമ്പോള്‍ സര്‍ക്കാരിന് കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയത് എന്തിനാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോടതിയുടെ പരിഗണനയിലായതിനാല്‍ കേസിന്റെ മെറിറ്റിലേക്കോ ആ വിഷയത്തിലേക്കോ ഇതില്‍ കൂടുതല്‍ ഇപ്പോ പോകാനാകില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി

ലൈഫ് മിഷന്‍ ഒരു തുകയും വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. 140 ഫ്ളാറ്റുകളുടെയും ഒരു ഹെല്‍ത്ത് സെന്ററിന്റെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സല്‍ ജനറലും യൂണിടാക്കും തമ്മിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ മേല്‍ സിബിഐ ഇടപെടുമ്പോള്‍ സംസ്ഥാനം എന്തുചെയ്യണമെന്ന ചോദ്യമാണ് ഉയരുന്നത്. രാജസ്ഥാനിലേതുപോലെ സിബിഐയെ വിലക്കിയ മാതൃക കേരളം പിന്തുടരില്ല. അഴിമതി തടയാനാണ് സംസ്ഥാനം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ഉചിതമല്ല. വ്യക്തമായ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ലൈഫ് മിഷന്‍ സിഇഒയ്ക്ക് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

Top