കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; സർവ്വീസ് അടുത്ത മാസം മുതൽ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോയുടെ ടെർമിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫ്രൻസിംഗിലൂടെ നിർവ്വഹിച്ചു. വൈറ്റില ഹബ് മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള ആദ്യ ഘട്ട ജലപാതയാണ് നാടിനു സമർപ്പിച്ചത്. കൊച്ചിയിലെ ദ്വീപുകൾ നഗര മേഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന വേളയിൽ പറഞ്ഞു.

നാവിക സേനയുടെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ അടുത്ത മാസമാണ് വാട്ടർ മെട്രോ ജനങ്ങൾക്ക് തുറന്ന് കൊടുക്കുക. കൊച്ചി മെട്രോയ്ക്ക് സമാനമായി 100 പേർക്ക് യാത്ര ചെയ്യാവുന്ന ആധുനിക സൗകര്യങ്ങളുള്ള ബോട്ടു ജെട്ടികളാണ് വാട്ടർ മെട്രോയ്ക്കും ഒരുങ്ങുന്നത്. തുടക്കത്തിൽ 5 ബോട്ടുകളാണ് സർവ്വീസ് നടത്തുക. ഹൈക്കോടതി ജംങ്ഷൻ, വൈപ്പിൻ, ചേരാനല്ലൂർ, ഏലൂർ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുടെ നിർമാണവും അന്തിമ ഘട്ടത്തിലാണ്.

ഏതാണ്ട് 80 കിലോമീറ്റർ ദൈർഘ്യത്തിൽ 15 വ്യത്യസ്ത ജലപാതകളിലായി ഒരു വർഷത്തിനുള്ളിൽ 38 ബോട്ടുജെട്ടികളാണ് സജ്ജമാക്കുന്നത്. ഒരേ സമയം എട്ട് ബോട്ടുകൾക്ക് വരെ അറ്റകുറ്റപണി ചെയ്യാവുന്ന ബോട്ട് യാഡ് കിൻഫ്രയിലാണ് സ്ഥാപിക്കുന്നത്. വാട്ടർ മെട്രോ യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിലെ ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ യാത്ര പ്രശ്നങ്ങൾക്ക് പരിഹാരമാകും. പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുട്ടി പാലത്തിൻ്റെയും കൊച്ചി കനാൽ നവീകരണ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.

Top