രാജ്യത്തിന്റെ സംസ്‌കാരം തകര്‍ക്കാന്‍ കൂട്ടുനിന്ന ആളാണ് മോദി: പിണറായി വിജയന്‍

modi-pinarayi

തിരുവനന്തപുരം:ഇടതുസര്‍ക്കാരിനു നേരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്നയാളാണ് കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാസത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്ന നാടാണ് വടക്കേ ഇന്ത്യ, റംസാന്‍ നോമ്പുതുറയ്ക്കായി വീട്ടിലേക്ക് ട്രയിനില്‍ പോയ സഹോദരങ്ങളെ, ഒരു കൂട്ടം ആളുകള്‍ വേഷത്തില്‍ നിന്ന് മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞ് ആക്രമിച്ചതടക്കം നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടായി. ആ സഹോദരങ്ങളില്‍ ഏറ്റവും ഇളയവനെ കൊന്ന് ട്രയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരു വിഭാഗം ആളുകളെ, ഒരു കുറ്റവും ചെയ്യാത്ത ചെറുപ്പക്കാരെ കൊല ചെയ്യുന്നവര്‍ക്ക് സംഘപരിവാര്‍ സംരക്ഷണം കൊടുത്തു. എങ്ങനെയെല്ലാം അവരെ സംഘപരിവാര്‍ സംരക്ഷിച്ചുവെന്ന് രാജ്യത്തിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചത് സംഘപരിവാറാണ്. മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസാണ്. പ്രധാനമന്ത്രിയുടെ അനുയായികളാണ് രാജ്യത്തിന്റെ സംസ്‌കാരം തകര്‍ക്കുന്നത്. ആ അതിക്രമങ്ങളെയാണ് പ്രധാനമന്ത്രി എതിര്‍ക്കേണ്ടതെന്നും പിണറായി ചൂണ്ടിക്കാണിച്ചു. ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള ഇത്തരം സംഘപരിവാര്‍ ശ്രമങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്ന നിരാശയാണ് മോദിയുടെ വിമര്‍ശനത്തിന് കാരണമെന്ന് പിണറായി പറഞ്ഞു.

ഇടതുസര്‍ക്കാരാണ്‌കേരളത്തിന്റെ സംസ്‌കാരം തകര്‍ക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

Top