സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;ഒരാള്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിമാനത്തില്‍ വിദേശത്ത് നിന്ന് വന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒരാള്‍ കോഴിക്കോട്ടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിയില്‍നിന്ന് കോഴിക്കോട്ടും അബൂദാബിയില്‍നിന്ന് കൊച്ചിയിലും എത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് ഒരാളാണ് രോഗമുക്തി നേടിയത്. ഇടുക്കിയില്‍ ചികില്‍സയിലായിരുന്ന ആളുടെ പരിശോധന ഫലമാണ്
നെഗറ്റീവായത്.

ഇതുവരെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 17 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 23,930 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് 123 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 36648 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 36002 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 3475 സാംപിളുകള്‍ ശേഖരിച്ചതില്‍ 3231 നെഗറ്റീവായി.

Top