ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: പ്രാര്‍ത്ഥനകളും കാത്തിരിപ്പും വിഫലമാക്കി കൊണ്ട് ദേവനന്ദ എന്ന ആറാം ക്ലാസ്സുകാരി ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ കേരളക്കര ഒന്നാകെ ആ പിഞ്ചോമനയുടെ വിയോഗത്തില്‍ തേങ്ങുകയാണ്. കല സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരാണ് ദേവനന്ദയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച് രംഗത്ത് വന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്.

“കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു”. അദ്ദേഹം കുറിച്ചു.

https://www.facebook.com/PinarayiVijayan/posts/2850709701687508

നടന്‍മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ ദേവനന്ദയ്ക്ക് അനുശോചനം അര്‍പ്പിച്ചു. വ്യാഴാഴ്ച ദേവനന്ദയെ കാണാതായത് മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ചലച്ചിത്രതാരങ്ങളുമടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു.

20 മണികൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം.

വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്.അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ കുട്ടി ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല.

Top