കൊച്ചിയിലെ വെള്ളക്കെട്ട്: സര്‍ക്കാര്‍ ഇടപെടുന്നു; 25ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. കൊച്ചി മേയര്‍, നഗരസഭാ സെക്രട്ടറി എന്നിവരടക്കമുള്ളഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. 25ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ എത്താനാണ് നിര്‍ദേശം. യോഗത്തില്‍ എറണാകുളം കളക്ടര്‍ എസ് സുഹാസും പങ്കെടുക്കും.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. പ്രശ്നത്തില്‍ കൊച്ചി നഗരസഭയ്ക്കെതിരേയും കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.

നഗരസഭ ഉണ്ടായിട്ടും കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തില്‍ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടി വന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കളക്ടര്‍ രംഗത്തിറങ്ങിയത്. ഇല്ലെങ്കില്‍ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചിരുന്നു. പ്രശ്നം പരിഹരിക്കാനായി കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ബ്രേക്ക് ത്രൂ പദ്ധതിയില്‍ പങ്കെടുത്തവരേയും ഹൈക്കോടതി അഭിനന്ദിച്ചു.

Top