മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും; ബഫര്‍സോണ്‍, കെ-റെയില്‍ ചര്‍ച്ചയാകും

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 10.30 നാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ബഫർ സോൺ, സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന.

നാളെ തുടങ്ങുന്ന രണ്ടു ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് പിണറായി വിജയൻ ഡൽഹിയിലെത്തുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയത്. ചീഫ് സെക്രട്ടറി വി പി ജോയിയും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായേക്കും.

സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയിൽ ഉന്നയിച്ചേക്കും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും നിരവധി പരാതികളാണ് സർക്കാരിന് ലഭിച്ചത്. സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീണ്ടുപോകുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

Top