‘ഗതാഗതകുരുക്കിന് പരിഹാരം വേണം’, കെ റെയിൽ പേര് പറയാതെ സഹായം തേടി മുഖ്യമന്ത്രി

കൊച്ചി: കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി മെട്രോ പാത നീട്ടൽ നാടിന് സമർപ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം അഭ്യ‍ർത്ഥിച്ചത്. കെ റെയിൽ പേര് എടുത്തുപറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ സഹായം അഭ്യർഥിക്കൽ. കേരളത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ കേന്ദ്ര സഹായം വേണമെന്നായിരുന്നു ചടങ്ങിന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി വേദിയിൽ ആവശ്യപ്പെട്ടത്.

അതേസമയം കൊച്ചി മെട്രോ വികസനം നാടിന് സമർപ്പിച്ച പ്രധാനമന്ത്രി കേരളത്തിൻറെ അടിസ്ഥാന വികസനത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്. കേരളത്തിൻറെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിയുടെ പദ്ധതി നൽകുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. കാലം മാറുന്നതിനനുസരിച്ചുള്ള വികസനം എല്ലാ രംഗത്തും ഉണ്ടാകണം. അതിന് വേണ്ടിയുള്ള കേരളത്തിൻറെ ശ്രമങ്ങൾക്ക് കേന്ദ്രം സഹായം നൽകും. സിയാൽ കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിലാണ് മെട്രോ വികസനം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഗവർണർ ആരിഫ് ഖാനടക്കമുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു. മെട്രോ പുതിയപാത എസ് എൻ ജംഗ്ഷൻ മുതൽ വടക്കേക്കോട്ടവരെയാണ്. 43 ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ് ആദ്യ യാത്രക്കാരായത്.

Top