എന്നാലും ടീച്ചറേ . . രോഗികള്‍ക്ക് വിഗ്ഗിനായി സ്വന്തം മുടി മുറിച്ച സുന്ദരി ടീച്ചര്‍ക്ക് കയ്യടി !

തലശ്ശേരി: ‘ എന്നാലും ടീച്ചറെ . . ഇത് ഒരു കടന്ന ഏര്‍പ്പാടായി പോയി’.

രോഗികള്‍ക്ക് വിഗ് നിര്‍മ്മിച്ചു നല്‍കുന്ന സുന്ദരി ടീച്ചര്‍ മുടി മുറിച്ചുമാറ്റിയതിലുള്ള വിഷമം സോഷ്യല്‍ മീഡിയയിലൂടെ തീര്‍ക്കുകയാണ് ഒരു വിഭാഗം.

എന്നാല്‍ സ്വന്തം സൗന്ദര്യബോധത്തേക്കാള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ‘സൗന്ദര്യം’ ദര്‍ശിച്ച ടീച്ചര്‍ക്ക് കയ്യടിക്കാനും ഇവര്‍ മറക്കുന്നില്ല.

കണ്ണൂര്‍ ചാല ചിന്മയ സ്‌കൂള്‍ അദ്ധ്യാപികയായ ആനന്ദ ജ്യോതിയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തെ ചിറക്കുനിയില്‍ നടന്ന കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടന ചടങ്ങിലാണ് സംഭവം നാടറിഞ്ഞത്.

പരിപാടിയുടെ അവതാരക ആനന്ദ ജ്യോതിയായിരുന്നു.

മുടി പറ്റെ വെട്ടിയ നിലയിലാണ് അവതാരക വന്നത്. ചടങ്ങു തുടങ്ങുമ്പോള്‍ തന്നെ സദസ്സിനു സ്വയം പരിചയപ്പെടുത്തിക്കൊണ്ടു ജ്യോതി പറഞ്ഞു: ‘എന്റെ തലമുടി കണ്ട് ഞാനൊരു ആണാണെന്നു വിചാരിക്കരുത്. രോഗികള്‍ക്കു വിഗ് നിര്‍മിച്ചു നല്‍കുന്നൊരു സംഘടനയ്ക്കു സംഭാവന ചെയ്യാനാണു മുടി മുറിച്ചത്’.

അല്‍പം കഴിഞ്ഞ് ഉദ്ഘാടന പ്രസംഗത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോള്‍, പ്രസംഗം തുടങ്ങുന്നതിനു മുന്‍പായി അദ്ദേഹം ജ്യോതിടീച്ചറെ അഭിനന്ദിക്കുകയായിരുന്നു.

‘ഇവര്‍ ആണുങ്ങളെപ്പോലെയാവാന്‍ വേണ്ടിയാണു മുടി മുറിച്ചതെന്നു വിചാരിക്കരുത്. നല്ലൊരു കാര്യത്തിനു വേണ്ടിയാണതു ചെയ്തത്. നിങ്ങള്‍ക്കും അങ്ങനെ ചെയ്യാവുന്നതാണ്’ എന്നു സദസ്സിലെ സ്ത്രീകള്‍ക്കു മുഖ്യമന്ത്രിയുടെ ഉപദേശവും.

കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിനിയാണ് ആനന്ദജ്യോതി. ഒരു മാസം മുന്‍പു തമിഴ്‌നാട് യാത്രയ്ക്കിടയിലാണു രോഗികള്‍ക്കു വിഗ് നല്‍കുന്ന സന്നദ്ധ സംഘടനയ്ക്കു മുടി സംഭാവന ചെയ്യാന്‍ തല മുണ്ഡനം ചെയ്തതെന്നു ജ്യോതി പറഞ്ഞു.

Top