കാലാവസ്ഥാ പ്രവചനം തെറ്റി, പ്രതീക്ഷിച്ചതിലും കൂടുതലാണ് നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം തെറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് വലിയ മഴയാണ് സംസ്ഥാനത്ത് ഉണ്ടായത്. 82 ഡാമുകളും നിറഞ്ഞു കവിഞ്ഞു. ചിലയിടത്ത് നദി വഴിമാറിയൊഴുകി. കനത്ത മഴയാണ് സംസ്ഥാനത്ത് ഇത്ര വലിയ ദുരന്തം ഉണ്ടാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് വീടുകളില്‍ വെള്ളം കയറി. പതിനായിരക്കണക്കിന് റോഡുകള്‍ തകര്‍ന്നു. എന്നാല്‍ കൃത്യമായി ഭരണ സംവിധാനം രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാല്‍ മരണ സംഖ്യ കാര്യമായി കുറയ്ക്കാന്‍ സാധിച്ചു എന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കണക്കുകൂട്ടിയതിനേക്കാള്‍ അധികമാണ് കേരളത്തിന്റെ നഷ്ടം.ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശത്തിന് വലിയ പിന്തുണ കിട്ടി. ലോക കേരളസഭയുടെ സഹായം പുനര്‍ നിര്‍മ്മാണത്തിന് ഉറപ്പു വരുത്തുമെന്നും പിണറായി വ്യക്തമാക്കി.

കേരളത്തില്‍ കനത്തമഴ ഉണ്ടാകുമെന്ന് വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രാജീവന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സര്‍ക്കാരിന് റെഡ് അലേര്‍ട്ട് നല്‍കിയിരുന്നതായും കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം ഇല്ലായിരുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്നും സെക്രട്ടറി പറഞ്ഞിരുന്നു.

Top