ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ ഇടതുപക്ഷ അണികളുടെ പ്രത്യേകിച്ച് സി.പി.എം പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ വിലയാണ് ഇടതുപക്ഷ സര്‍ക്കാര്‍….
ഇക്കാര്യം ആരു മറന്നാലും നിരവധി വര്‍ഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനം അലങ്കരിച്ച പിണറായി വിജയന്‍ മറക്കരുത്. ഭരണത്തില്‍ അനാവശ്യമായ പാര്‍ട്ടി ഇടപെടല്‍ വേണ്ട എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. അഭിനന്ദനീയവുമാണ്. പക്ഷെ എന്നു കരുതി ഈ പാര്‍ട്ടിയേയും മുന്നണിയെയും അധികാരത്തിലെത്തിക്കാന്‍ ചോര നീരാക്കി പ്രവര്‍ത്തിച്ച പ്രവര്‍ത്തകരുടെ വികാരം കണ്ടില്ലെന്ന് നടിക്കരുത്.
സ്വന്തം കുടുംബത്തേക്കാള്‍ ചെങ്കൊടിയെയും അതിന്റെ നേതാക്കളെയും ഇഷ്ടപ്പെടുന്ന, സ്വയം പാര്‍ട്ടിക്കായി സമര്‍പ്പിച്ച അനവധി പേര്‍ ഇടത് ഭരണം ഒരു മാസം പിന്നിടുമ്പോള്‍ നിരാശരാവുന്നുണ്ടെങ്കില്‍ അത് നല്‍കുന്ന സന്ദേശം ഒട്ടും നല്ലതല്ല. സര്‍ക്കാരുകള്‍ മാറുമ്പോള്‍ ഉദ്യോഗസ്ഥരുടെ പുനര്‍നിര്‍ണ്ണയം സാധാരണ ഗതിയില്‍ നടക്കാറുള്ള പതിവുരീതിയാണ്.
പ്രത്യേകിച്ച് കരുത്തുറ്റ സര്‍വ്വീസ് സംഘടനകളും തൊഴിലാളി സംഘടനകളും പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനത്ത് അത്തരം നടപടി സ്വാഭാവികം മാത്രമാണ്.
മുന്‍ ഭരണകൂടത്തിന്റെ ശിക്ഷാനടപടികളും സ്ഥലംമാറ്റങ്ങളുമെല്ലാം ഏറ്റുവാങ്ങിയ നിരവധി നേതാക്കളും അല്ലാത്തവരുമായ സിപിഎം അനുഭാവികള്‍ ഇന്ന് സംസ്ഥാനത്തുണ്ട്.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഇന്ന് നിരാശരാണ് എന്ന യാഥാര്‍ത്ഥ്യം മുഖ്യമന്ത്രിയും സി.പി.എം. നേതൃത്വവും തിരിച്ചറിയണം.
എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നന്നത് തന്നെയാണ് ഒരു ജനകീയ സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമാകേണ്ടത്, പക്ഷേ അത് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നീതി നിഷേധിച്ചാവരുത്. പുറത്തുനിന്ന് നോക്കുന്ന ഒരാളെ സംബന്ധിച്ച് കര്‍ക്കശമായ…. ധീരമായ നിലപാടായി സര്‍ക്കാര്‍ നടപടിയെ തോന്നാം എന്നാല്‍ അത് ശരിയായ നിലപാടല്ല.
യു.ഡി.എഫ് സര്‍ക്കാരാണ് അങ്ങനെ പ്രവര്‍ത്തിച്ചതെങ്കില്‍ അതിനെ ചോദ്യം ചെയ്യാനും സമരരംഗത്തിറങ്ങി പ്രതിഷേധിക്കാനും സംഘടനാ ശക്തിവച്ച് ഒരു പരിധിവരെ ഇടത് സംഘടനകള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ കൂടി പ്രവര്‍ത്തനത്തിന്റെ ഫലമായി വന്ന ഒരു സര്‍ക്കാരിനെതിരെ എന്തായാലും പ്രതിഷേധ കൊടി പിടിക്കാന്‍ അവര്‍ക്ക് കഴിയില്ലല്ലോ?
ഈ ‘അനുകൂല’ സാഹചര്യം ഉപയോഗപ്പെടുത്തി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുപ്രധാന ചുമതലയില്‍ ഇരുന്നവര്‍ തന്നെ വീണ്ടും ഇപ്പോള്‍ പ്രധാന ചുമതലകളില്‍ വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ ആഭ്യന്തര വകുപ്പിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ‘ഇടപെടലുകള്‍’ നടന്നുകൊണ്ടിരിക്കുന്നത്.
പാര്‍ട്ടി ഇടപെടല്‍ അനാവശ്യമായി വേണ്ട എന്ന് പറയുന്ന മുഖ്യമന്ത്രി തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ആഭ്യന്തര സെക്രട്ടറിയുടെ അനാവശ്യ ഇടപെടലുകളും നിയന്ത്രിക്കണം. സ്ഥലം മാറ്റങ്ങളടക്കമുള്ള സുപ്രധാന കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ജനകീയ സര്‍ക്കാരുകള്‍ തന്നെയാണ്. അതില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യം സ്വാഭാവികമായും പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്.
കളങ്കിതരും ഗുരുതര വിജിലന്‍സ് കേസുകളില്‍ അടക്കം പ്രതികളായി അന്വേഷണം നേരിടുന്നവരുമായ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ആഭ്യന്തര സെക്രട്ടറിയെ കണ്ട് സല്യൂട്ടടിച്ചാല്‍ മാത്രം ഇത്തരം ഉദ്യോഗസ്ഥരുടെ മേല്‍ വീണ ‘പാപക്കറ’ അദൃശ്യമായി പോവില്ലല്ലോ ?
പാര്‍ട്ടി നേതാക്കളില്‍ സ്വാധീനം ചെലുത്തി നിയമനം തേടുന്ന രീതി അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നതരെ സ്വാധീനിച്ച് നിയമനം തരപ്പെടുത്തുന്ന രീതിയും അവസാനിപ്പിക്കേണ്ടത് തന്നെയാണ്.
അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അഴിമതി കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ എങ്ങനെ തന്റെ വകുപ്പില്‍ തന്നെ സുപ്രധാന പദവികളില്‍ എത്തി എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്.
ഒരു ന്യൂസ് പോര്‍ട്ടലിന് കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ്ജ് എം.എല്‍.എ നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് രണ്ട് പ്രമുഖ ബിസിനസ്സുകാരാണ് എന്ന് വ്യക്തമാക്കിയത് ഒരു ആരോപണമായി തള്ളി കളയാമെങ്കിലും ഇത്തരം ആരോപണങ്ങളെ ചെറുക്കേണ്ട ചുമതല കൂടിയുള്ള വിഭാഗം ഇപ്പോള്‍ നിരാശരാണ് എന്നത് പ്രതിരോധം ദുര്‍ബലമാക്കും.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു എന്നതിനാല്‍ തീര്‍ച്ചയായും വിലയിരുത്തലിന് സമയമായിട്ടില്ല എന്നറിയാം.
ജനപ്രിയമായ പല കാര്യങ്ങളിലും ശക്തമായ നടപടി സ്വീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ തുടക്കത്തിലെ ഉണ്ടായ ‘കല്ലുകടി’ ഓര്‍മ്മപ്പെടുത്താതിരിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്ചുതാനന്ദനെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി തന്നെ പാര്‍ട്ടിയുടെ നിലപാട് ഓര്‍മ്മിപ്പിച്ച് പലവട്ടം തിരുത്തിയ കാര്യം കേരളത്തിലെ ജനങ്ങള്‍ മറന്നാലും സി.പി.എം പ്രവര്‍ത്തകര്‍ മറക്കുമെന്ന് തോന്നുന്നില്ല. ‘ബക്കറ്റിലെ തിരമാലകള്‍’ എല്ലാവര്‍ക്കും ബാധകമാണല്ലോ ?
പാര്‍ട്ടിയുടെ സെല്‍ഭരണം പിണറായി നടപ്പാക്കണമെന്ന് ഉദ്ദേശിച്ചല്ല ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. ജനങ്ങള്‍ക്ക് രാഷ്ട്രീയ – മത-ജാതി വ്യത്യാസമന്യേ നീതി ലഭിക്കണമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. പക്ഷേ അത് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ മുഖ്യമന്ത്രിയുടെ തന്നെ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വിവിധ സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകരുടെയും വികാരങ്ങളെ നോവിച്ചിട്ടാവരുത്.
കഴിഞ്ഞ സര്‍ക്കാരിന്റെ അധികാര ഹുങ്കില്‍ വേട്ടയാടിയവരും, കളങ്കിതരും, അവസര വാദികളായവരുമെല്ലാം മാറ്റി നിര്‍ത്തപ്പെടേണ്ടവര്‍ തന്നെയാണ്.ഇക്കാര്യത്തില്‍ നിലപാട് പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം
Team Express Kerala