ബിനോയ് വിഷയം സഭയില്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി, രാഷ്ട്രീയ മുതലെടുപ്പെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ബിനോയിയുടെ മടങ്ങിയ ചെക്ക് അനില്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ വിഷയം ഉന്നയിക്കുന്നതെന്ന് അനില്‍ പറഞ്ഞു. ഇതോടൊപ്പം മുന്‍ മന്ത്രി ഇ.പി.ജയരാജന്റെ മകന്‍ ജിതിനെതിരേയും സാമ്പത്തിക തട്ടിപ്പ് കേസുണ്ടെന്നും അനില്‍ ആരോപിച്ചു.

അതേസമയം, ബിനോയ് വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദേശത്ത് നടന്ന കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം ഉന്നയിക്കാനാവില്ല. സഭയിലെ ഒരു അംഗത്തിനും ഇതുമായി ബന്ധമില്ല. കേരളത്തിലോ ഇന്ത്യയിലോ പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്. ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം സര്‍ക്കാരിനെിതരെ ഈ വിഷയം ഉന്നയിക്കുകയാണ്. കേസ് സംബന്ധിച്ച് ആരോപണവിധേയര്‍ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.പി.ജയരാജന്റെ മകനെതിരായ ആരോപണത്തിനും അദ്ദേഹം തന്നെ നിയമസഭയില്‍ മറുപടി നല്‍കി. ഇല്ലാത്ത കേസില്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയാണ് മകന്‍ ചെയ്തതെന്ന് ജയരാജന്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ കൊണ്ടുവരുന്ന മാധ്യമങ്ങളെ നിയന്ത്രിക്കണം, അതിനായി നിയമം കൊണ്ടുവരണമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

Top