സ്മൃതി ഇറാനിക്ക് വേണ്ടി കേന്ദ്രം രാഷ്ട്രപതിയെ അപമാനിച്ചെന്ന് പിണറായി വിജയന്‍

Pinarayi Vijayan

തിരുവനന്തപുരം: ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ നേരിട്ട വിവേചനം കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്കുവേണ്ടി സര്‍ക്കാര്‍ രാഷ്ട്രപതിയെ തന്നെ വിവാദത്തിലാക്കിയെന്നും എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കാന്‍മാത്രം ആരോഗ്യമുള്ള ആളായിരുന്നു രാഷ്ട്രപതിയെന്നും പിണറായി പറഞ്ഞു.

എന്നാല്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സ്മൃതി ഇറാനിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വ്വം രാഷ്ട്രപതിയെ തന്നെ വിവാദത്തിലാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ നല്‍കാത്തത് മുന്‍ നിശ്ചയ പ്രകാരമായിരുന്നുവെന്നും സ്മൃതി ഇറാനി രാഷ്ട്രപതിയുടെ പദവി ഉപയോഗിച്ചു.

ഇത് തെറ്റാണെന്നും, രാഷ്ട്രപതിയെ അപമാനിക്കലാണെന്നും ഇതിനോടു പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധിച്ചത് ന്യായമാണെന്നും പിണറായി പറഞ്ഞു. മോദി സര്‍ക്കാരിന്റെ സഹിഷ്ണുതയുടെ തെളിവാണ് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.അതേസമയം, നോക്കുകൂലി നിരോധനം കേരളത്തിനു പുത്തന്‍ ഉണര്‍വു നല്‍കുമെന്നും ചട്ടം ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മോദി സര്‍ക്കാര്‍ വാശിയോടെയാണ് ഓഹരികള്‍ വില്‍ക്കുന്നത്. എച്ച്എല്‍എല്‍ ഏറ്റെടുക്കുന്നതിനായി ഒരു കുത്തകകമ്പനി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എച്ച്എല്‍എല്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണമെന്നുമായിരുന്നു കമ്പനിയുടെ ആവശ്യം.

എന്നാല്‍ ഈ ആവശ്യം പാടെ നിരസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊതുമേഖലയെ സംരക്ഷിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ സ്ഥിരത എന്ന അവകാശം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും ഇത് അതിനീചമായ തൊഴിലാളി വിരുദ്ധതയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top