ശാസ്ത്രരംഗത്ത് കേരളം വളരുന്നു, അനാചാരങ്ങള്‍ക്കെതിരെ പുതിയ സമരമുഖം തുറക്കണമെന്ന് മുഖ്യമന്ത്രി

pinarayi

കണ്ണൂര്‍ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പുതിയൊരു സമരമുഖം തുറക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകണമെന്നും, അതിനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്, അധികാരത്തിലിരുന്ന് ശാസ്ത്രവിരുദ്ധത പ്രചിപ്പിക്കുന്നുവര്‍ക്ക് ഭരണഘടനയിലെ 51-ാം വകുപ്പ് കാണിച്ചുകൊടുക്കാന്‍ കഴിയുംവിധം ജനബോധവത്കരണം ശക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. മുപ്പതാം കേരള ശാസ്ത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേട്ടുകേള്‍വി പോലുമില്ലാത്ത വൈറസുകളും രോഗങ്ങളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകത്തിന്റെ പലയിടങ്ങളിലും ഭീതിജനിപ്പിക്കുകയാണ്. പേരറിയാത്ത വൈറസുകള്‍ ഇപ്പോഴും ഉണ്ടാകുകയും പരക്കുകയും ചെയ്യുന്നു. അവയ്ക്കുള്ള പ്രതിവിധികള്‍ കണ്ടെത്താനായി ശാസ്ത്രരംഗമാകെ പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശാസ്ത്രരംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം വളരുകയാണ്. ആ വളര്‍ച്ച കുറേക്കൂടി അര്‍ത്ഥവത്താക്കുന്നവിധം ശാസ്ത്ര കൗണ്‍സിലിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ വിരമിച്ച ശാസ്ത്രകാരന്മാര്‍ക്കുവരെ ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കുന്ന തരത്തിലുള്ള വൈവിധ്യമാര്‍ന്ന പദ്ധതികള്‍ സംസ്ഥാന ശാസ്ത്രകൗണ്‍സില്‍ നടപ്പാക്കി വരികയാണ്. ഏറെ താമസിക്കാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറോളജി ഗവേഷണവികസന കേന്ദ്രം സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top