ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും പൂക്കളമൊരുക്കാന്‍ അതതു പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പുറത്തു നിന്നു കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്.

ഓണ നാളുകളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സാധനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി വിളിച്ച ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും ഡി.എം.ഒമാരുടെയും യോഗത്തിലാണു നിര്‍ദേശം. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്.

പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്റെ ഇടപടലുണ്ടാകണം. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജാഗ്രത പാലിക്കണം. രോഗവ്യാപനം തടയാന്‍ കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രോഗത്തെ നിസാരവല്‍ക്കരിക്കുന്ന ചിലരുണ്ട്. രോഗത്തെ അതിന്റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കാന്‍ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസഹായരായിരിക്കരുത്.

രോഗവ്യാപനം തടഞ്ഞ് ജീവന്‍ രക്ഷിക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തനം പിറകോട്ടുള്ള വാര്‍ഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവര്‍ത്തനസജ്ജമാക്കണം. കോണ്‍ടാക്ട് ട്രെയിസിംഗ്, ക്വാറന്റൈന്‍ എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പോലീസിനു നിര്‍ദേശം നല്‍കി.

Top