ശ്രീജീവിന്റെ കസ്റ്റഡി മരണം ; സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തും

sreejith

തിരുവനന്തപുരം: സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 766 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്ന ശ്രീജിത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടികാഴ്ച നടത്തും.

ഇന്ന് വൈകീട്ട് ഏഴു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശ്രീജീവിന്റെ കേസ് സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിങാണ് ഇക്കാര്യം എംപിമാരെ അറിയിച്ചത്. സിബിഐ ഡയറക്ടറുമായി ജിതേന്ദ്രസിങ് ഉടന്‍ കൂടികാഴ്ച നടത്തും.

2014 മെയ് 21നായിരുന്നു ശ്രീജീവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹോദരന്‍ ശ്രീജിത്ത് സമരം തുടങ്ങിയത്.

അതേസമയം, ശ്രീജീവിന്റെ മരണം സംബന്ധിച്ച്‌ സിബിഐ അന്വേഷണം ആരംഭിക്കുന്നത് വരെ താന്‍ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും സമരം നിര്‍ത്തില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Top