മുഖ്യമന്ത്രിക്ക് പോലീസിന്റെ നിയന്ത്രണം നഷ്ടമായി; രമേശ് ചെന്നിത്തല

കൊച്ചി: ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയന്ത്രണം നഷ്ടപ്പെട്ടതായും സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിക്കുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു.

മ്യൂസിയം കേസില്‍ ഇനിയും പ്രതിയെ പിടിക്കാനായിട്ടില്ല. എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായി കേസ് എടുത്ത പോലീസ് സ്വപ്നയുടെ ആരോപണങ്ങളില്‍ നടപടി എടുക്കുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മൂന്ന് മുന്‍ മന്ത്രിമാരുടെ പേരില്‍ നടപടികള്‍ ഇല്ല. കുന്നപള്ളിക്കു ഒരു നീതി, മുന്‍ മന്ത്രിമാര്‍ക്ക് മറ്റൊരു നീതി എന്ന സ്ഥിതിയാണ് രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണാധികാരികളുടെ ക്രൂരമുഖമാണ് പിണറായി സര്‍ക്കാരിനെന്നും ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാം പിണറായി സര്‍ക്കാര്‍ തങ്ങളുടെ കഴിവുകേടുകളെ നിപ്പയും ഓഖിയും പ്രളയവും കൊറോണയും പി.ആര്‍.വര്‍ക്കിലൂടെ മറച്ചപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതൊന്നും ഇല്ലാതെ ഭരണപരാജയത്തിന്റെ ദയനീയ മുഖം ജനങ്ങളെ കാണിച്ചുകൊണ്ടേയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ഗുരുതരമായ വിലക്കയറ്റമാണെന്നും നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ വിലയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ വില ഓരോ ദിവസവും റോക്കറ്റ് പോലെ കുതിക്കുകയാണ്. കൊറോണ മൂലം ലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴില്‍ നഷ്ടമായി. ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുമ്പോള്‍ പെട്ടെന്ന് താങ്ങായി നില്‍ക്കേണ്ട സാധനങ്ങളുടെ വിലക്കയറ്റത്തെ പോലും നിയന്ത്രിക്കാന്‍ കഴിവില്ലാതെ സ്തംഭിച്ചു നില്‍ക്കുന്ന സര്‍ക്കാരിന്റെ കഴിവുകേട് എല്ലാ മേഖലയിലും പ്രകടമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

Top