ഭൂമി നഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കും, വെറും വാക്കല്ലെന്ന് മുഖ്യമന്ത്രി

കെ റെയില്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്നത് വെറും വാക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. ആരെയും വിഷമിപ്പിക്കാനല്ല സര്‍ക്കാര്‍ തീരുമാനം. ഭൂമി നഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണ് പദ്ധതി’യെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാട്ടില്‍ ഒരു വികസനപ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന ദുശാഠ്യമാണ് പ്രതിപക്ഷത്തിന്. യുഡിഎഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ ഇറക്കാന്‍ സാധിക്കും. പദ്ധതി ഇപ്പോള്‍ പറ്റില്ലെന്നാണ് പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുക’യെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘യുഡിഎഫ് വിചാരിച്ചാല്‍ കുറച്ച് ആളുകളെ മാത്രമാകും ഇറക്കാനാകുക. ആര് പറയുന്നതാണ് ജനം കേള്‍ക്കുകയെന്ന് നമുക്ക് കാണാം. സര്‍ക്കാര്‍ പൂര്‍ണ തോതില്‍ നാട്ടില്‍ ഇറങ്ങി ജനങ്ങളോട് പദ്ധതി വിശദീകരിക്കും. തെറ്റായ എതിര്‍പ്പുകള്‍ക്ക് വഴങ്ങണോയെന്ന് ചോദിച്ചാല്‍ വേണ്ടെന്ന് ജനം പറയും. സ്വകാര്യമായി ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതാക്കളും പദ്ധതി വേണമെന്ന് പറയു’മെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top