മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടിയില്‍, മധുവിന്റെ വീട് സന്ദര്‍ശിക്കും

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധവിന്റെ മരണം സൃഷ്ടിച്ച വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും. തുടര്‍ന്ന് മധുവിന്റെ കുടുംബത്തെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

അട്ടപ്പാടിയില്‍ ആദിവാസി ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ വിലയിരുത്തല്‍ യോഗത്തില്‍ മുഖ്യമന്ത്രി നടത്തും.

മധുവിന്റെ കൊലപാതകത്തില്‍ പൊലീസിനും വനം വകുപ്പിനും വീഴ്ച പറ്റിയെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

അതേസമയം മധുവിന്റെ കൊലപാതകത്തില്‍ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ലെന്നും മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവന്നപ്പോള്‍ വനം വകുപ്പ് വാഹനം അകമ്പടി പോയിട്ടില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മധുവിനെ ആള്‍കൂട്ടത്തിനു കാണിച്ചുകൊടുത്ത മരയ്ക്കാര്‍ എന്ന വ്യക്തി , ഫോറസ്റ്റ് ഉദ്യോഗസ്ഥനല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Top