വര്‍ഗീയവാദികളെയും കാടന്‍ മന:സ്ഥിതിക്കാരെയും സമൂഹം ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: കലാകാരനും പിന്നാക്ക സമുദായ അംഗവുമായ അശാന്തന്റെ മൃതദേഹത്തോട് വര്‍ഗീയ വാദികള്‍ ക്രൂരത കാട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാടന്‍ മന:സ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

(മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…)

കലാകാരനും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടതുമായ അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വര്‍ഗീയ വാദികള്‍ ക്രൂരത കാണിച്ചത് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ വര്‍ഗീയ പ്രചാരണവും സംഘടിപ്പിക്കുകയുണ്ടായി.

സംഭവം സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണമെന്ന് കാണിച്ച് മന്ത്രി എ.കെ. ബാലനും കത്ത് നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായെടുക്കും; ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ക്കശ നടപടി കൈക്കൊള്ളും. ഇത്തരം കാടന്‍ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുമുണ്ട്.

Top