ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാനുള്ള ശമ്പളം കിട്ടുന്നുണ്ടെങ്കിലും ആര്‍ത്തിയാണ്, വിമര്‍ശിച്ച് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: മരാമത്ത് ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇപ്പോള്‍ അക്കാര്യത്തില്‍ പോരായ്മയുണ്ട്. ആസൂത്രണമില്ലായ്മയാണ് പദ്ധതികള്‍ വൈകാന്‍ കാരണം. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സര്‍ക്കാരിനെ സേവിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ശമ്പളം കിട്ടുന്നുണ്ടെങ്കിലും ചിലര്‍ തൃപ്തരല്ല. ചില ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആര്‍ത്തിയാണ്. കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതി. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പൊതുമരമാത്ത് വകുപ്പിനെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കിടയിലുള്ള കാഴ്ചപ്പാടിന് കാരണം മുന്‍കാലത്തെ പ്രവര്‍ത്തനങ്ങളാണ്. ഇത് തിരുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top