കെഎസ്ആര്‍ടിസി ജനതാ സര്‍വീസിന് വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി ആരംഭിച്ച ജനതാ സര്‍വീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റോപ്പുകള്‍ക്ക് പുറമെ യാത്രക്കാര്‍ ആവശ്യപ്പെടുന്ന ബസ് സ്റ്റോപ്പ് ഇല്ലാത്ത ഇടങ്ങളിലും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് ജനതാ സര്‍വീസ്. കഴിഞ്ഞ ദിവസമായിരുന്നു ഇതിന്റെ ലോഗോ പ്രകാശനം. ഇതിനിടെയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

ബസ് സ്റ്റോപ്പുകള്‍ക്ക് പുറമെ യാത്രക്കാര്‍ ആവശ്യപ്പെടുന്ന എല്ലായിടത്തും ഈ ബസ് നിര്‍ത്തി നല്‍കണമെന്നത് പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും. വലിയ പൊല്ലാപ്പ് തലയില്‍ എടുത്ത് വയ്ക്കുന്നതാകും ഇത്. യാത്രക്കാരുടെ ആവശ്യങ്ങള്‍ വളരെ വലുതാകും. സ്റ്റോപ്പുകള്‍ക്കിടയില്‍ തന്നെ നിരവധി സ്റ്റോപ്പുകള്‍ വരും. പൊതുഗതാഗത സംവിധാനത്തെ തന്നെ ഇത് തകര്‍ക്കും. നന്നായി ആലോചിച്ചിട്ടാണോ പദ്ധതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. താന്‍ ഇത് തടയുന്നില്ല, പക്ഷേ നല്ലത് പോലെ ആലോചിച്ചിട്ടെ നടപ്പാക്കാവു എന്നും മുഖ്യമന്ത്രി പറഞ്ഞു.

നടപടി നിര്‍ത്തിവയ്ക്കണമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കാണിച്ച് കെഎസ്ടിഇയു- എഐടിയുസി ജനറല്‍ സെക്രട്ടറി എം.ജി രാഹുല്‍ എംഡിയ്ക്ക് കത്ത് അയച്ചു. ജനതാ സര്‍വ്വീസിനെതിരെ വെല്‍ഫയര്‍ അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഡ്രൈവേഴ്‌സ് യൂണിയനും നിര്‍ദ്ദേശത്തിന് എതിരാണ്.

Top