cm-conspirancy against-co-operative bank

pinaray vijayan

തിരുവനന്തപുരം: നോട്ടുമാറ്റം വിലക്കിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക് ഉത്തരവ് സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കള്ളപ്പണം ആരോപിക്കുന്ന ബിജെപി നേതാക്കളുടെ പ്രസ്താവന ഇതിന് തെളിവാണ്.

നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ മറവില്‍ സഹകരണ മേഖലയെ ശ്വാസംമുട്ടിക്കുകയാണ്. കള്ളപ്പണം കൊണ്ടല്ല സഹകരണ ബാങ്കുകള്‍ വളര്‍ന്നത്. കേന്ദ്ര ധനകാര്യമന്ത്രിയെ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചപ്പോള്‍ അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചത്.

എന്നാല്‍ റിസര്‍വ് ബാങ്ക് പിന്നീട് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സഹകരണ ബാങ്കുകള്‍ക്ക് പണം മാറ്റിനല്‍കാന്‍ അനുമതി നല്‍കിയില്ല. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ട്രഷറികളിലും വിനിമയ കേന്ദ്രങ്ങള്‍ തുടങ്ങും, ഇങ്ങനെ കൗണ്ടറുകള്‍ തുറക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. ഇതിനായി ആര്‍.ബി.ഐയെ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

തോട്ടം തൊഴിലാളികളുടെ കൂലി നല്‍കുന്നതിന് അതാത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. ഇനി മുതല്‍ തോട്ടം ഉടമകള്‍ കൂലിയായി നല്‍കേണ്ട തുക കളക്ടര്‍റെ ഏല്‍പിക്കണം.

കളക്ടര്‍മാരാവും അത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക. ശബരിമല സീസണ്‍ ആരംഭിച്ചതിനാല്‍ കൂടുതല്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ എ.ടി.എം കൗണ്ടറുകള്‍ തുറക്കണമെന്നും അവയില്‍ ആവശ്യത്തിന് പണം നിറയ്ക്കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ചില്ലറ കൗണ്ടറുകളും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമപരമായ പരിശോധനകള്‍ക്ക് തടസമില്ല. ആരും തടഞ്ഞിട്ടുമില്ല. സഹകരണമേഖലയെ തകര്‍ക്കുന്ന നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Top