നവീന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രൈനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കര്‍ണ്ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

”ഈയൊരു ഘട്ടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഒക്കെ വലിയ ആശങ്കയിലാണ്. അവിടെ അകപ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും ധൈര്യം പകരാന്‍ നമുക്ക് കഴിയണം. നാം പകര്‍ന്നു നല്‍കുന്ന കരുത്ത് തീര്‍ച്ചയായും അവരെ സംബന്ധിച്ച് ഇപ്പോള്‍ വളരെ വിലപ്പെട്ടതാണ്. പരമാവധി സംയമനത്തോടെ ഈ ഘട്ടത്തെ അഭിമുഖീകരിക്കുക എന്നതാണ് നാമോരോരുത്തരും ഇപ്പോള്‍ ചെയ്യേണ്ടത്.” മുഖ്യമന്ത്രി പറഞ്ഞു.

”കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈകയിനിലുള്ളത്. അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവരും രാപകല്‍ ഇല്ലാതെ പരിശ്രമിച്ചു വരികയാണ്. യുക്രൈയിനിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യവകുപ്പിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും ഒക്കെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇതിനകം 187 മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ എല്ലാവരെയും സുരക്ഷിതമായി തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ ഘട്ടത്തില്‍ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടര്‍ത്താതെ ചുറ്റുമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കാനും നമുക്ക് കഴിയണം.”മുഖ്യമന്ത്രി പറഞ്ഞു.

Top