പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; എസ്എച്ച്ഒ മുതല്‍ ഡിജിപി വരെ പങ്കെടുക്കണം

തിരുവനന്തപുരം: പൊലീസിനെതിരെ പലതരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേരള പൊലീസിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ഗൂഗിള്‍ മീറ്റ് വഴിയാണ് യോഗം ചേരുന്നത്.

മോണ്‍സണുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചര്‍ച്ചയാകുന്നതിനിടെയാണ് പൊലീസുകാരുടെ വിപുലമായ യോഗം മുഖ്യമന്ത്രി വിളിച്ചു കൂടുന്നത്. ഞായറാഴ്ചയാണ് യോഗം. സര്‍ക്കാറിന്റെ പ്രവര്‍ത്തനം അളക്കുന്നതില്‍ പൊലീസിന്റെ ഇടപെടലും ഘടകമാകുമെന്ന് ഇന്ന് രാവിലെ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മോണ്‍സണ്‍ മാവുങ്കലും മുന്‍ പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും തമ്മിലെ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത് സര്‍ക്കാറിനെ വെട്ടിലാക്കിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോണ്‍സണന്റെ വീടുകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ബെഹ്‌റ നിര്‍ദ്ദേശിച്ചതും. മുന്‍ ഡിഐജി സുരേന്ദ്രനും മോണസണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടപെട്ടതുമെല്ലാം വിവാദമായി.

മോണ്‍സണെതിരായ പീഡന പരാതി പൊലീസുകാര്‍ ഒതുക്കിയെന്ന ഇരയുടെ ആരോപണവുമെല്ലാം സേനക്കാകെ നാണക്കോടായി മാറി. പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയര്‍ന്ന പൊലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങള്‍ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

 

Top