കേരളത്തിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വൈറസെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെല്‍റ്റ വൈറസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഡെല്‍റ്റാ വൈറസിന് കഴിയും. എന്നാല്‍ രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നേരത്തെ ഒരാളില്‍ നിന്ന് മൂന്ന് പേര്‍ക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് രോഗബാധിതന് അഞ്ച് മുതല്‍ പത്ത് പേര്‍ക്ക് വരെ രോഗം പരത്താന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘വൈറസ് വകഭേദങ്ങള്‍ക്ക് ആല്‍ഫ ബീറ്റ ഗാമ ഡെല്‍റ്റ പേര് നല്‍കിയിരിക്കുകയാണ്. ഡെല്‍റ്റയാണ് കേരളത്തില്‍ കൂടുതല്‍. രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റയാണ്. വാക്‌സിന്‍ എടുത്തവരിലും ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും. മരണം സംഭവിക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നേരത്തെ ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ ആളുകളിലായിരുന്നു പകരുന്നതായി കണ്ടെത്തിയത്’. ഇതിന് ആറുപേരിലേക്ക് വരെ സാധ്യതയുണ്ടെന്നും അതിനാല്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇരട്ട മാസ്‌ക്ക് ധരിക്കുക. കൂടിച്ചേരലുകള്‍ ഒഴിവാക്കുക. വാക്‌സീനെടുത്തവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

Top