കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് പ്രചരണം നടക്കുന്നു: മുഖ്യമന്ത്രി

എറണാകുളം: കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ ഇവിടുന്ന് വിദ്യാർഥികൾ പുറത്ത്പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാൻ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണൽ കോഴ്സുകാർക്കും ഒരുക്കും. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സർക്കാർ കാണാതെ പോകുന്നില്ല. യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് കർമ്മചാരി പദ്ധതി നടപ്പിലാക്കും. പഠനത്തോടൊപ്പം തൊഴിൽ എന്നതാണ് കർമ്മചാരി പദ്ധതിയുടെ മുദ്രാവാക്യം. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് കർമ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും.

വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും, സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർഥികളെ ഇങ്ങോട്ട് കൊണ്ട് വരാൻ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ശ്രമിക്കും. കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഒപ്പം പാർട്ട് ടൈം ജോലി ലഭിക്കുന്ന തരത്തിൽ കരിക്കുലം പരിഷ്കരണം നടപ്പാക്കും. കോളേജുകളിൽ പരീക്ഷ ഫലം വൈകുന്നത് തടയാൻ സോഫ്റ്റ്വെയര്‍ കൊണ്ട് വരും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

Top