സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടി പ്രഖ്യാപിച്ചു. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് 100 ദിന കര്‍മപരിപാടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കിയിരിക്കുന്നത്.

പ്രകടനപത്രിക നടപ്പാക്കാനുള്ളതാണ്. അതിന്റെ പുരോഗതി ഓരോ ഘട്ടത്തിലും ജനങ്ങള്‍ അറിയണം. ഇത് കഴിഞ്ഞ സര്‍ക്കാര്‍ വിട്ടുവീഴ്ച കൂടാതെ തുടര്‍ന്ന സമീപനമാണെന്നും അതേരീതി ഈ സര്‍ക്കാരും അവലംബിക്കും എന്ന ഉറപ്പിന്റെ ഭാഗം കൂടിയായി ഒരു കര്‍മ്മ പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ ആരംഭഘട്ടത്തില്‍ രോഗവ്യാപനം തടയാനായി ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. അതിന്റെ ഫലമായി സമ്പദ്ഘടന തളര്‍ന്നു. തൊഴിലവസരങ്ങളുടെ നഷ്ടമുണ്ടായി. അതിന്റെ ആഘാതം നേരിടാന്‍ സാമ്പത്തിക ഉത്തേജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പരിപാടികള്‍ കഴിഞ്ഞവര്‍ഷം രണ്ടുഘട്ടമായി നടപ്പിലാക്കിയ 100 ദിനപരിപാടികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത അനുഭവപ്പെടുന്ന ഈ ഘട്ടത്തിലും സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുവാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും അടിയന്തര കടമയായി വന്നിരിക്കുന്നു. ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്.

ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം. അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്‌കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും. കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നത്.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള മാര്‍ഗ്ഗരേഖ മെയ് 20ന് സത്യപ്രതിജ്ഞക്കുശേഷം ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000 ല്‍ 5 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കും.

വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുന്നത്.

നൂറുദിനപരിപാടിയുടെ നടപ്പാക്കല്‍പുരോഗതി നൂറു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രത്യേകം അറിയിക്കും.

Top