നവജ്യോത് സിങ് സിദ്ദുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി സ്വീകരിച്ചു

ചണ്ഡീഗഡ്‌: പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവമായ നവജ്യോത് സിങ് സിദ്ദുവിന്റെ രാജി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സ്വീകരിച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തു.

പഞ്ചാബിലെ നഗരമേഖലയില്‍ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെ തുടര്‍ന്നാണെന്ന് അമരീന്ദര്‍ സിംഗ് നേരത്തേ ആരോപിച്ചിരുന്നു. സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ ഒഴിവാക്കി പിന്നീട് ഊര്‍ജ്ജ വകുപ്പിന്റെ ചുമതല നല്‍കിയിരുന്നു.

ജൂലൈ 15-നായിരുന്നു പഞ്ചാബ് മന്ത്രിസഭയിലെ ഊര്‍ജവകുപ്പ് സ്ഥാനം രാജിവച്ചുള്ള കത്ത് മുഖ്യമന്ത്രിക്ക് സിദ്ദു കൈമാറിയത്. പാര്‍ട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി തന്റെ തലയില്‍ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെയാണ് രാജി സമര്‍പ്പിച്ചതും.

Top