സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം: കര്‍ക്കശ നിയമ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി

 

മൂഹമാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കു നേരെ നടത്തിയ അശ്ലീല പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ അതീവ ഗുരുതരമായി കാണുന്നുവെന്നും ഇതിനെതിരെ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‌റെ പ്രതികരണം. നിലവിലുള്ള നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ലെങ്കില്‍ തക്കതായ നിയമ നിര്‍മ്മാണം ആലോചിക്കുമെന്നും അദ്ദേഹം കുറിച്ചു.

നിലവില്‍ ഉയര്‍ന്ന പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം കയ്യിലെടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം:

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണ്. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും. നിലവിൽ ഉയർന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു. അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകൾക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും.

Top