തന്ത്രികുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും വരാതിരുന്നത് ബിജെപിയുടെ ഇടപെടല്‍ മൂലം: മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയിലെ അക്രമങ്ങളില്‍ ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്കും ആര്‍എസ്എസ്സിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ നട തുറക്കുന്നതിന് മുമ്പ് ചര്‍ച്ച നടത്താന്‍ തന്ത്രികുടുംബത്തെ വിളിച്ചിട്ടും അവര്‍ വരാതിരുന്നത് ബിജെപിയുടെ ഇടപെടല്‍ മൂലമാണ്. യുവമോര്‍ച്ച യോഗത്തിനിടെ പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തോടെ ആ ഗൂഢാലോചന തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തന്ത്രിമാര്‍ക്കുള്ള അംഗീകാരത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ അവരുടെ നിലപാടുകള്‍ ആരാധനാലയങ്ങളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതായിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശബരിമലയില്‍ ആര്‍എസ്എസ് നുണ പറയുകയും പ്രചരിപ്പിക്കുകയുമായിരുന്നു. സംഘപരിവാര്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിയ്ക്കുകയാണ്.

ചോറൂണിന് കുഞ്ഞിനെക്കൊണ്ട് വന്നവരെപ്പോലും ആക്രമിച്ചു. ക്ഷേത്രസന്നിധിയായതിനാല്‍ പൊലീസിനെ വിന്യസിക്കുന്നതില്‍ സര്‍ക്കാരിന് പരിമിതിയുണ്ടായിരുന്നു. എങ്കിലും പരമാവധി സുരക്ഷ സര്‍ക്കാര്‍ ഒരുക്കി.’ മുഖ്യമന്ത്രി വ്യക്തമാക്കി.കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായ പരിഹാസമാണ് നടത്തിയത്. ‘ആര്‍എസ്എസ്-ബിജെപി ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് വീണു’ എന്ന് ശ്രീധരന്‍പിള്ള പ്രസ്താവന നടത്തിയിട്ട് പോലും ഒരു കോണ്‍ഗ്രസ് നേതാവും പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top