ക്ലസ്റ്റര്‍ പരിശീലനം ; കോണ്‍ഗ്രസ്, ബിജെപി അനുകൂല അധ്യാപക സംഘടനകള്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ തല പരിശീലനം ഇന്ന്. എന്നാല്‍, കോണ്‍ഗ്രസ്, ബിജെപി അനുകൂല അധ്യാപക സംഘടനകള്‍ പരിശീലനത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് സൂചന.

പൊതു വിദ്യാലയങ്ങളിലെ പഠനമികവ് ഉയര്‍ത്തുന്നതിന്, അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നാണ് അധ്യാപക സംഘടനകള്‍ മാറി നില്‍ക്കുന്നത്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ പാഠ്യപദ്ധതി കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാനുള്ള പരിശീലനമാണു നടക്കുക. എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.

അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഇന്ന് പ്രവൃത്തിദിനം അല്ലാതിരിക്കെ ക്ലസ്റ്റര്‍ യോഗത്തില്‍ എത്തിയില്ലെങ്കില്‍ നടപടി എടുക്കുമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്, ബിജെപി അനുകൂല അധ്യാപക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

കൂടാതെ, ശമ്പളം കിട്ടാത്ത അധ്യാപകരുടെ പ്രശ്‌നങ്ങളും, നിസാര കാര്യങ്ങള്‍ക്ക് നടപടിയെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങളിലും സംഘടനകള്‍ക്കു പ്രതിഷേധമുണ്ട്.

എന്നാല്‍ ക്ലസ്റ്റര്‍ യോഗത്തില്‍ ഹാജരാകാത്തവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.

Top