Close to 40 Killed in Air Strikes in Raqqa, Syria

ബെയ്‌റൂട്ട്: സിറിയയില്‍ ഐഎസ് സ്വാധീന മേഖലയായ റാഖയില്‍ സര്‍ക്കാര്‍ സൈന്യവും റഷ്യന്‍ സേനയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നതായി സിറിയന്‍ സന്നദ്ധ സംഘടന അറിയിച്ചു.

സിറിയയില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍മാറ്റം ആരംഭിച്ചതിനിടെയാണ് കഴിഞ്ഞ ദിവസം വിമത സ്വാധീന മേഖലകളിലേക്ക് സംയുക്ത സേന അതിരൂക്ഷമായ വ്യോമാക്രമണം ആരംഭിച്ചത്. പൗരാണിക നഗരമായ പാല്‍മിറയിലും പരിസരത്തും കഴിഞ്ഞദിവസം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ എഴുപതോളം തവണ ബോംബ് വര്‍ഷിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘റാഖയെ നിശബ്ദമായി കൂട്ടക്കൊല ചെയ്യുകയായിരുന്നു’ എന്ന് ആക്രമണത്തെക്കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. രണ്ടായിരത്തോളം വര്‍ഷം പഴക്കമുളള പാല്‍മിറ നഗരം കഴിഞ്ഞ മേയ് മുതല്‍ ഐസിസിന്രെ പിടിയിലാണ്.

മൂന്നാഴ്ച മുന്‍പ് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ അസദ് സേനയും അവരെ പിന്തുണയ്ക്കുന്ന റഷ്യയും നിരന്തരം ലംഘിക്കുന്നതില്‍ അമേരിക്കയുടെ നേതൃത്വത്തിലുളള സഖ്യ സേന അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, സിറിയയില്‍ നിന്നും സൈന്യത്തെ ഭാഗികമായി പിന്‍വലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ക്രെമിലിനില്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ഉത്തരവുണ്ടായത്.

Top