അര്‍ജുന്‍ ആയങ്കിയുമായി അടുത്ത ബന്ധം; സിപിഎം പുറത്താക്കിയ സജേഷിനെ ചോദ്യം ചെയ്യും

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ സിപിഎം പുറത്താക്കിയ സി സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വിവരം. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വര്‍ണ്ണ പരിശോധകനാണ് സജേഷ്. കടത്ത് സ്വര്‍ണ്ണം ഇയാള്‍ കൈകാര്യം ചെയ്തിരുന്നോ എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്.

ജില്ല വിട്ട് പോകരുതെന്ന് കാണിച്ച് സി സജേഷിന് കസ്റ്റംസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്ത ശേഷം അതില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ കൂടി ചേര്‍ത്തായിരിക്കും സജീഷിനെ ചോദ്യം ചെയ്യുക എന്നാണ് വിവരം. കടത്തി കൊണ്ട് വരുന്ന സ്വര്‍ണം വിവധ സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ ജീവനക്കാരെ സ്വാധീനിച്ച് ക്രയവിക്രയം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ അര്‍ജുന്‍ ആയങ്കിക്ക് കാറ് എടുത്തു നല്‍കിയത് സജേഷാണ്. ഇത് കണ്ടെത്തിയതോടെയാണ് സജേഷിനെ പാര്‍ട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കിയത്. സ്വര്‍ണ്ണം കടത്താന്‍ അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂരേക്ക് കൊണ്ടുപോയ കാറ് സിപിഎം അംഗം സജേഷിന്റേതാണെന്നത് പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ചെമ്പിലോട് ലോക്കല്‍ കമ്മറ്റിയാണ് സജേഷിനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയതത്.

 

Top