ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ പാസാക്കി; പിഴവ് കണ്ടെത്തിയതില്‍ പിഴയും അടച്ചു പൂട്ടലും

doctor_01

തിരുവനന്തപുരം: ചികിത്സാ സ്ഥാപനങ്ങളെയും ലബോറട്ടറികളെയും നിയന്ത്രിക്കുന്നതിനുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് നിയമസഭ പാസാക്കിയത്. സ്വകാര്യ ആശുപത്രികളും ലാബുകളും നിയമത്തിനു കീഴില്‍ വരും.

ആശുപത്രികളുടെ നിയന്ത്രണവും ഫീസ് ഏകീകരണവുമാണ് ബില്ലിന്റെ ലക്ഷ്യം. പിഴവ് കണ്ടെത്തിയാല്‍ പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താനും സ്ഥാപനം അടച്ചു പൂട്ടാനും സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും.

ഡോക്ടര്‍മാര്‍ക്ക് ചികിത്സാ പിഴവ് പറ്റിയാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്നത് വരെയുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. സ്ഥാപനങ്ങള്‍ ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കണം. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സിവില്‍ കോടതിയെ സമീപിക്കാനും പരിമിതിയുണ്ട്.

അതേസമയം, പ്രാഥമിക ചികിത്സയും രോഗനിര്‍ണയവും മാത്രം നടത്തുന്ന സ്ഥാപനങ്ങളെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top