ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കേരളത്തിന് ഭീഷണിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ശക്തിയേറിയ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്.ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

കാലാവസ്ഥാ വകുപ്പിനു കീഴിലുള്ള റീജനല്‍ സ്‌പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സ് ഓവര്‍ നോര്‍ത്ത് ഇന്ത്യന്‍ ഓഷ്യനാണ് (ആര്‍എസ്എംസി) ജാഗ്രതാ മുന്നറിയിപ്പു നല്‍കിയത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴയും കാറ്റും കിഴക്കന്‍ തീരത്തു പ്രതീക്ഷിക്കാം.

ഇതു സംസ്ഥാനത്തെ കാര്യമായി ബാധിക്കാന്‍ ഇടയില്ലെങ്കിലും തെക്കന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ ഉയരുമെന്നതിനാല്‍ കേരള തീരത്തും ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തു നല്‍കിയതുപോലെ തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ, ബംഗാള്‍, ആന്‍ഡമാന്‍ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ അതോറിറ്റി, പ്രതിരോധ വകുപ്പ്, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ദൂരദര്‍ശന്‍, വാര്‍ത്താ ഏജന്‍സികള്‍, റെയില്‍വേ എന്നിവയ്ക്കുള്ള സന്ദേശങ്ങളും ഫാക്‌സുകളും ബുധനാഴ്ച മുതല്‍ നല്‍കി.

Top