ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് മഴമൂലം തടസ്സപ്പെട്ടു

വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് മോശം കാലാവസ്ഥയെ തുടര്‍ന്ന് തടസ്സപ്പെട്ടു. രണ്ടാം സെഷന്‍ അവസാനിച്ചപ്പോഴാണ് കാലാവസ്ഥ പ്രതികൂലമായത്. ഇതേത്തുടര്‍ന്നു മൂന്നാം സെഷനിലെ കളി ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ വിക്കറ്റ് നഷ്ടമാകാതെ 202 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഇടവേളയ്ക്ക് പിരിഞ്ഞപ്പോഴേക്കാണ് കളി മുടക്കിക്കൊണ്ട് മഴയെത്തിയത്. ടെസ്റ്റ് ഓപ്പണറായി അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മ സെഞ്ചുറിനേടിയിരുന്നു. 174 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും സഹിതം 115 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറിയുമായി സഹ ഓപ്പണര്‍ മായാങ്ക് അഗര്‍വാളും(183 പന്തില്‍ 84)ഒപ്പമുണ്ട്.

പരിമിത ഓവറില്‍ ക്രിക്കറ്റില്‍ പതിനായിരത്തിലേറെ റണ്‍സ് വാരിക്കൂട്ടിയ രോഹിത് ടെസ്റ്റ് ഓപ്പണറായുള്ള തുടക്കം ഗംഭീരമാക്കുകയായിരുന്നു. പ്രതിരോധവും ആക്രമണവും സമാസമം സമ്മേളിച്ച ഇന്നിംഗ്‌സില്‍ 154 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. ടെസ്റ്റില്‍ താരത്തിന്റെ നാലാം സെഞ്ചുറിയാണ് വിശാഖപട്ടണത്ത് ചേര്‍ക്കപ്പെട്ടത്.

Top