ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളില്‍ ആമസോണിലെ കാലാവസ്ഥ വ്യതിയാനം ബാധിക്കുന്നു

ബ്രസീലിലെ ആമസോണ്‍ പ്രദേശത്തുള്ള തീവ്രമായ മഴയും ജനനഭാരത്തിലെ കുറവും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം ആരോഗ്യത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ത്രീകള്‍ ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ഉണ്ടാവുന്ന കനത്ത മഴയും വെള്ളപ്പൊക്കവും ബ്രസീലിലെ വടക്കന്‍ ആമസോണിയ സംസ്ഥാനത്തെ കുഞ്ഞുങ്ങളുടെ ജനന-ഭാരത്തെയും, പറഞ്ഞ സമയത്തിന് മുമ്പുണ്ടാവുന്ന പ്രസവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബ്രിട്ടനിലെ ലാന്‍കാസ്റ്റര്‍ സര്‍വകലാശാലയിലെയും ഫിയോക്രൂസ് ആരോഗ്യ ഗവേഷണ സ്ഥാപനത്തിലെയും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

11 വര്‍ഷത്തിനിടെ 300,000 ത്തോളം ജനനങ്ങളെ പ്രാദേശിക കാലാവസ്ഥാ വിവരങ്ങളുമായി താരതമ്യപ്പെടുത്തി. കടുത്ത മഴയ്ക്ക് ശേഷം ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ജനനസമയത്ത് ഭാരം കുറവാണെന്ന് കണ്ടെത്തി. എന്നാലിത് മുതിര്‍ന്നവരെപ്പോലെ മോശമായ വിദ്യാഭ്യാസ, ആരോഗ്യം, വരുമാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നേച്ചര്‍ സസ്‌റ്റൈനബിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, തീവ്രതയില്ലാത്ത മഴ പോലും ഒരു കുട്ടിയുടെ ജനന-ഭാരം കുറയാന്‍ 40% ഉയര്‍ന്ന സാധ്യത കല്‍പ്പിക്കുന്നു. കൂടാതെ കനത്ത മഴയും വെള്ളപ്പൊക്കവും മലേറിയ പോലുള്ള പകര്‍ച്ചവ്യാധികള്‍, ഭക്ഷണത്തിലെ കുറവ്, ഗര്‍ഭിണികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും ഇത് ജനന ഭാരം കുറയ്ക്കുമെന്നും സഹ-എഴുത്തുകാരന്‍ ലൂക്ക് പാരി ജേണലില്‍ രേഖപ്പെടുത്തുന്നു.

ആമസോണ്‍ നദിയില്‍ കടുത്ത വെള്ളപ്പൊക്കം ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ അഞ്ചിരട്ടി കൂടുതലാണിന്നെന്ന് 2018ലെ ജേണല്‍ സയന്‍സ് അഡ്വാവാന്‍സില്‍ പ്രസിദ്ധീകരിച്ച പേപ്പറില്‍ പറയുന്നു. കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടിയന്തരാവസ്ഥയിലായ ബ്രസീല്‍ മഴക്കാടുകളുടെ അയല്‍ സംസ്ഥാനമായ ഏക്കര്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ സന്ദര്‍ശിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പ്രദേശവാസികള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ സ്വീകരിച്ചുവെന്ന് പാരി പറയുന്നു. എന്നാല്‍ കരകവിഞ്ഞ നില്‍ക്കുന്ന നദീതടങ്ങളും മഴയുടെയും വ്യാപ്തിയും അടിസ്ഥാനപരമായി ആളുകളുടെ ശേഷിയെ കവച്ചുവെക്കുന്നതാണ്. ഇതിന്റെ തല്‍ഫലമായി കൗമാരക്കാര്‍ക്കും തദ്ദേശീയരായ അമ്മമാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആരോഗ്യ അസമത്വത്തിന്റെയും ഇരട്ടഭാരം പരിഹരിക്കുന്നതിന് ആമസോണിയയോടുള്ള ദീര്‍ഘകാല രാഷ്ട്രീയ അവഗണനയും, ബ്രസീലിലെ സന്തുലിതമല്ലാത്ത വികസനവും പരിഹരിക്കേണ്ടതുണ്ടെന്ന് പഠനം പറയുന്നു.

നയപരമായ ഇടപെടലുകളില്‍ ആന്റിനേറ്റല്‍ ഹെല്‍ത്ത് കവറേജും ഗ്രാമീണ കൗമാരക്കാര്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള ഗതാഗത സംവിധാനവും വെള്ളപ്പൊക്കം അറിയിക്കുന്നതിന് സംവിധാനങ്ങളും ഒരുക്കണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Top