പ്രധാന നഗരങ്ങളില്‍ ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്; വീണാ ജോര്‍ജ്

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രധാന നഗരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങി ആൾക്കാർ കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി കോഴിക്കോട്, കാസർഗോഡ്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളെയാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കാൻ തെരഞ്ഞെടുത്തത്. കാസർഗോഡ് ജില്ലയിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് ഫൈനൽ ഓഡിറ്റ് നടത്തിയിരുന്നു. തളങ്കര ഹാർബർ മലബാർ വാർട്ടർ സ്‌പോർട്‌സ് സ്ട്രീറ്റ് ഫുഡിലാണ് ഇത് നടപ്പിലാക്കിയത്. ഇത് സർട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ്. ഇതിലൂടെ വഴിയോര ഭക്ഷണങ്ങൾ സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തട്ടുകടകൾ, ചെറിയ ഭക്ഷണ ശാലകൾ എന്നിവയാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പരിധിയിൽ വരുന്നത്. 20 മുതൽ 50 വരെ ചെറുകടകളുള്ള സ്ഥലങ്ങൾ കണക്കാക്കിയാണ് ക്ലസ്റ്ററായി തിരിക്കുന്നത്. ഇവടങ്ങളിലെ കടകളിൽ വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇവർക്ക് മതിയായ പരിശീലനവും സർട്ടിഫിക്കേഷനും നൽകുന്നതാണ്.

പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ആ ക്ലസ്റ്ററിൽ പ്രീ ഓഡിറ്റ് നടത്തുന്നു. നിലവിലെ കടകളിലെ സൗകര്യം വിലയിരുത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. ഇതോടൊപ്പം കടകളിലെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശീലനവും നൽകുന്നു. കെട്ടിടം, വസ്ത്രം, പാത്രം, ശുചിത്വം തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. എഫ്.എസ്.എസ്.എ.ഐ.യുടെ നേതൃത്വത്തിലാണ് ഫൈനൽ ഓഡിറ്റ് നടത്തുന്നത്. ഈ ഫൈനൽ ഓഡിറ്റിന് ശേഷം സർട്ടിഫിക്കേഷൻ നൽകുന്നതാണ്. ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള സർട്ടിഫിക്കേഷനാണ് നൽകുന്നത്.

Top